District News
കുണ്ടറ : 1.59 ഗ്രാം എംഡിഎംഎ യുമായി യുവാവ് പോലീസ് പിടിയിൽ. കൊല്ലം, തഴുത്തല, പുതുച്ചിറ തൊടിയിൽ വീട്ടിൽ അനുരാജ് (28)ആണ് പോലീസിന്റെ പിടിയിലായത്.
സിറ്റി പോലീസ് കമ്മീഷണർക്ക് കിട്ടിയ വിവരത്തെത്തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.എംഡിഎംഎയുമായി നിന്ന പ്രതി പോലീസിനെ കണ്ടു ഓടാൻ ശ്രമിക്കവേ ഓടിച്ചിട്ടാണ് പ്രതിയെ പിടികൂടിയത്.പെർഫ്യൂം കച്ചവടക്കാരനായ പ്രതി ഇതിന്റെ മറവിലാണ് ലഹരി മരുന്ന് ഉപയോഗിക്കുകയും കച്ചവടം ചെയ്യുകയും ചെയ്തിരുന്നത്.
District News
പൂച്ചാക്കൽ: ലഹരി ഗുളികയുമായി യുവാവ് പിടിയിൽ. അരൂക്കുറ്റി മത്താനം വളവിന് കിഴക്കുവശം പത്മപ്രഭ വീട്ടിൽ ചന്തു എന്ന് വിളിക്കുന്ന പ്രഭജിത്ത് (27) ആണ് 64 നൈട്രോ സൽഫാൻ ഗുളികകളുമായി അരൂർ പോലീസിന്റെ പിടിയിലായത്.
ഇന്നു രാവിലെ എട്ടിന് അരൂർ പമ്പിൽ നിന്നും സ്റ്റേഷനിലേക്ക് ഒരു കോൾ വരുകയും ഒരാൾ പമ്പിലെ ബാത്റൂമിൽ കയറിയിട്ട് ഇറങ്ങുന്നില്ല എന്നു പറയുകയും അരൂർ പോലീസ് സ്ഥലത്തെത്തി ബാത്റൂം തുറന്നപ്പോൾ ചന്തു ഇറങ്ങിയോടുകയും തുടർന്ന് പോലീസ് ഒരു കിലോമീറ്ററോളം പിന്തുടർന്ന് ഓടി ഇയാളെ പിടികൂടുകയുമായിരുന്നു.
ദേഹ പരിശോധന നടത്തിയതിൽ ഇയാളുടെ ബാഗിൽനിന്നു ഗുളികൾ കണ്ടെത്തുകയും ചെയ്തു. പ്രഭജിത്ത് അരൂർ, പൂച്ചാക്കൽ സ്റ്റേഷനുകളിൽ വധശ്രമം, മയക്കു മരുന്ന് കച്ചവടം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇയാൾ കാപ്പ പ്രകാരമുള്ള തടവിനുശേഷം ഒരുമാസം മുൻപാണ് പുറത്തിറങ്ങിയത്. ഇയാളുടെ പക്കൽനിന്നു കിട്ടിയ ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി എസ്ഐ അബീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
District News
മെഡിക്കല്‍കോളജ്: ജീവനക്കാരിയുടെ നാലരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണം കവര്‍ന്നു രക്ഷപ്പെട്ടയാളെ മെഡിക്കല്‍കോളജ് സിഐ ബി.എം. ഷാഫിയും സംഘവും പിടികൂടി. പാലക്കാട് ആലത്തൂര്‍ പെരിങ്ങോട്ടുകുറിശ്ശി നടുവത്തപ്പാറ ആറാംകോട് ഹൗസില്‍ മനീഷ് (33) ആണ് പിടിയിലായത്.
ചെറുവയ്ക്കല്‍ ആക്കുളം മഠത്തുവിള ലെയിന്‍ എസ്എന്ആര്ആര്എ 110-ബി ശിവോദയത്തില്‍ ചന്ദ്രവതിയുടെ മകള്‍ സി. നിഷാറാണി (44) യുടെ സ്വര്‍ണാഭരണമാണ് നഷ്ടമായത്. 29നു ഉച്ചതിരിഞ്ഞ് മൂന്നോടുകൂടിയാണു കേസിന്നാസ്പദമായ സംഭവം. നിഷാറാണി ജോലിചെയ്തുവരുന്നത് ഉള്ളൂര്‍ ജംഗ്ഷനു സമീപം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ ഷോപ്പിലാണ്. ഇവിടത്തെ സെയില്‍സ് കൗണ്ടറില്‍ നില്‍ക്കുകയായിരുന്ന നിഷാറാണിയുടെ സമീപമെത്തിയ പ്രതി കൗണ്ടറിനുള്ളിലേക്കു കൈ കടത്തി നിഷാറാണിയുടെ കഴുത്തില്‍ക്കിടന്ന താലി ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണം പൊട്ടിച്ചെടുക്കുകയായിരുന്നു.
പൂക്കുല കണ്ണി ഫാഷനിലുള്ള സ്വര്ണമാലയായിരുന്നതിനാല് മാല വലിച്ചുപൊട്ടിച്ചതിലൂടെ നിഷയുടെ കഴുത്തിന് ആഴത്തില്‍ മുറിവേറ്റു. മാലയ്ക്ക് 2.50 ലക്ഷം രൂപ വിലവരുമെന്ന് ഇവര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. മോഷണത്തിനുശേഷം സ്ഥലത്തുനിന്നു രക്ഷപ്പെട്ട മനീഷിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കടയിലുണ്ടായിരുന്ന സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളും ട്രാഫിക് കാമറാദൃശ്യങ്ങളും പ്രതിയെ പിടികൂടുന്നതിനു സഹായകമായി. മോഷണമുതല്‍ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി മെഡിക്കല്‍കോളജ് പോലീസ് പറഞ്ഞു.
മെഡിക്കല്‍കോളജ് പരിസരത്ത് കറങ്ങിനടക്കുന്ന പ്രതിക്കെതിരേ വേറെയും കേസുകള്‍ ഉണ്ടോയെന്ന കാര്യം അന്വേഷിച്ചുവരുന്നുണ്ട്. അറസ്റ്റിലായ മനീഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
District News
മലയിൻകീഴ്: 14 കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ഇയാളുടെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പേയാട് പള്ളിമുക്ക് കല്ലറത്തലയ്ക്കൽവിവേക് മോഹന്റെ (മിട്ടു - 30) വീട്ടിൽ നിന്നാണു പതിനാല് കിലോഗ്രാം കഞ്ചാവുമായി വിളപ്പിൽശാല പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിളപ്പിൽശാല ചീലപ്പാറ വിഷ്ണു ഭവനിൽ വിവേകി(28)നെ പിടികൂടിയത്.
റൂറൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ബാഗുകളിൽ പ്രത്യേക പാക്കറ്റുകളായിട്ടാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഡാൻസാഫ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തിയപ്പോൾ വീട്ടുടമയും മലയിൻകീഴ് പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമായ വിവേക് മോഹൻ ഓടി രക്ഷപ്പെട്ടു.
ആൾതാമസമില്ലാതിരുന്ന വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിവേക് മോഹൻ മാതാപിതാക്കൾക്കൊപ്പം തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടകവീട്ടിലാണ് താമസിക്കുന്നത്. മലയിൻകീഴ് പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മലയിൻകീഴ്, വിളപ്പിൽശാല, പൂന്തുറ, കരമന എന്നി സ്റ്റേഷനുകളിൽ ഇവർക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Kerala
മലപ്പുറം: സ്കൂൾവിട്ട് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം പുൽപ്പറ്റ ഒളമതിൽ സ്വദേശി അബ്ദുൾ ഗഫൂറാണ് ഒളവണ്ണ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം സ്കൂൾവിട്ട് വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്നു പത്താം ക്ലാസ് വിദ്യാർഥിനി. ബൈക്കിലെത്തിയ ഇയാൾ കുട്ടിയുടെ അച്ഛന്റെ സുഹൃത്താണെന്നും കുട്ടിയുടെ വീടിന് അടുത്താണ് താമസിക്കുന്നതെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ബൈക്കിൽ കയറ്റുകയായിരുന്നു. തുടർന്ന് മുന്നോട്ട് പോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്നും ചാടിയാണ് കുട്ടി രക്ഷപ്പെട്ടത്. കുട്ടിക്ക് പരിക്കേൽക്കുകയയും ചെയ്തിരുന്നു. എന്നാൽ വീട്ടുകാർ ഇക്കാര്യം പോലീസിനെ അറിയിച്ചില്ല. അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. മൊഴിയെടുത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി അബ്ദുൾ ഗഫൂറാണെന്ന് മനസിലായത്. ഇയാളെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.
District News
ചെങ്ങന്നൂർ: സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തെ ചെങ്ങന്നൂർ പോലീസ് പിടികൂടി. തിരുവല്ല സ്വദേശി സ്റ്റോയി വർഗീസ് (30), വൈക്കം തലയാഴം സ്വദേശി എം.എസ്. ബിജു (45) എന്നിവരാണ് അറസ്റ്റിലായത്. ചെങ്ങന്നൂർ കൊഴുവല്ലൂരിലെ ആർ.പി ഫിനാൻസ് ഉടമ രാജൻപിള്ള നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
കഴിഞ്ഞദിവസങ്ങളിലായി 18 ഗ്രാം, 16 ഗ്രാം എന്നിങ്ങനെ തൂക്കം വരുന്ന രണ്ടു മാലകളാണ് പ്രതികൾ സ്ഥാപനത്തിൽ പണയം വച്ചത്. സ്വർണമാണെന്ന് വിശ്വസിപ്പിക്കാൻ 916 എന്ന് വ്യാജമായി പതിപ്പിച്ച മാലകളാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. ഇതുവഴി 2,60,000 രൂപ പ്രതികൾ കൈക്കലാക്കുകയും പിന്നീട് ഈ തുക ഇരുവരും ചേർന്ന് വീതം വയ്ക്കുകയും ചെയ്തു. പണയം വച്ച മാലകൾ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് ഉടമ തിരിച്ചറിഞ്ഞത്.
പരാതി ലഭിച്ചതിനെത്തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. ഒന്നാം പ്രതി സ്റ്റോയി വർഗീസിനെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും രണ്ടാം പ്രതി ബിജുവിനെ ഓച്ചിറയിൽനിന്നുമാണ് പോലീസ് പിടികൂടിയത്.
പിടിയിലായ രണ്ടുപേരും സമാനമായ കുറ്റകൃത്യങ്ങളിൽ മുൻപും ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് അറിയിച്ചു. ഒന്നാം പ്രതി സ്റ്റോയി വർഗീസിനെതിരേ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളുണ്ട്. രണ്ടാം പ്രതി ബിജുവും മുൻപ് മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയ കേസുകളിൽ പ്രതിയാണ്.
ഇരുവരും മുൻപ് ജയിൽവാസം അനുഭവിച്ചിട്ടുള്ളവരുമാണ്. ചെങ്ങന്നൂർ സിഐ എ.സി. വിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
പാലക്കാട്: രേഖകളില്ലാതെ കടത്തുകയായിരുന്ന എട്ടുകോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ടു യുവാക്കൾ പിടിയിൽ. മുംബൈ സ്വദേശികളായ സംകിത്ത് അജയ് ജയിൻ (28), ഹിദേശ് ശിവരാം സേലങ്കി (23) എന്നിവർ പിടിയിലായത്.
വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ നടന്ന വാഹനപരിശോധനയിലാണ് കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 8.696 കിലോ സ്വർണവുമായി പ്രതികൾ പിടിയിലായത്. കോയന്പത്തൂരിൽനിന്ന് കൊട്ടാരക്കരയിലേക്കുള്ള ബസിലെ യാത്രക്കാരായിരുന്നു ഇരുവരും.
തൃശൂരിലെ ഒരു ജ്വല്ലറിയിലേക്കു കൊണ്ടുപോകുകയായിരുന്നു സ്വർണമെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. ആഭരണങ്ങളാക്കിയ സ്വർണം മുംബൈയിൽനിന്നാണ് കൊണ്ടുവന്നത്. മേൽനടപടികൾക്കായി വാളയാർ എൻഫോഴ്സ്മെന്റ് സ്ക്വാഡ് സ്റ്റേറ്റ് ജിഎസ്ടി വകുപ്പിനു കൈമാറി.
Kerala
ഇരിങ്ങാലക്കുട: ഓണ്‍ലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ 49,64,430 രൂപയുടെ തട്ടിപ്പുനടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തമിഴ്നാട് കാഞ്ചീപുരം ഷോലിംഗനെല്ലൂർ സ്വദേശി നവീൻകുമാർ(24) ആണ് അറസ്റ്റിലായത്.
കടുപ്പശേരി പേങ്ങിപ്പറന്പിൽ പി.കെ. അലക്സിൽനിന്ന് (46) ഷെയർ ട്രേഡിംഗ് നടത്തുന്നതിനായി 49,64,430 രൂപ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.
തട്ടിപ്പുനടത്തിയ പണത്തിൽ ഉൾപ്പെട്ട എട്ടു ലക്ഷം രൂപ നവീൻകുമാറിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ എത്തിയതായി കണ്ടതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്.
നവീൻകുമാർ ഈ ബാങ്ക് അക്കൗണ്ടും ഇതിൽ ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നന്പറും കേസിലെ പ്രധാന പ്രതികൾക്കു നൽകിയതായും അതിനു കമ്മീഷൻ കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി.
ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പുനടത്തിയ കുറ്റത്തിന് മലപ്പുറം ജില്ലയിലെ അരീക്കോട്, താനൂർ, ആലപ്പുഴ, കോഴിക്കോട് റൂറൽ, കോയന്പത്തൂർ കിണ്ണത്തുകടവ്, നാമക്കൽ പോലീസ് സ്റ്റേഷനുകളിലായി നവീൻകുമാറിനെതിരേ ആറു കേസുകളുണ്ട്.
തൃശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്. സുജിത്ത്, ജിഎസ്ഐമാരായ ടി.എൻ. അശോകൻ, ഗ്ലാഡിൻ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
Kerala
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും എംഡിഎംഎയുമായി യുവാവ് ഡാൻസാഫ് സംഘത്തിന്റെ പിടിയിൽ. നെടുമ്പന സ്വദേശി ഹുസൈൻ (25) ആണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്നും കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഹുസൈൻ. പരിശോധനാ സംഘത്തെ കണ്ട് കടക്കാൻ ശ്രമിച്ച ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് പോക്കറ്റിൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്.
20 ഗ്രാം എംഡിഎംഎയാണ് പ്രതിയിൽ നിന്ന് ഡാൻസ് ടീം കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നാണ് നിഗമനം.
Kerala
മലപ്പുറം: കൊണ്ടോട്ടി പാലക്കപറമ്പിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. 132 ഗ്രാം മെത്താംഫിറ്റാമിനുമായി മൂന്നിയൂര്‍ സ്വദേശി മുഹമ്മദ് സഹലാണ് പിടിയിലായത്.
മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച് കാറും മയക്കുമരുന്ന് വിറ്റ 27,000 രൂപയും ഇയാളിൽ നിന്നും എക്സൈസ് കണ്ടെടുത്തു.
എക്സൈസ് കമ്മീഷണർ സ്ക്വാഡും മഞ്ചേരി എക്സൈസ് സർക്കിൾ പാർട്ടിയും മലപ്പുറം ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മുഹമ്മദ് സഹൽ പിടിയിലായത്.